നല്ല സംരംഭകനാകാനുള്ള വെല്ലുവിളി

Update:2018-07-26 12:24 IST

കോളെജ് പഠനത്തിനായി ദേശീയ തലത്തില്‍ പ്രസിഡന്റിന്റെ സ്‌കോളര്‍ഷിപ് എനിക്ക് കിട്ടിയിരുന്നു. സ്‌കോളര്‍ഷിപ് ഉണ്ടെങ്കില്‍ കൂടി വീട്ടില്‍ നിന്ന് മാറിനിന്ന് പഠിക്കണമെങ്കില്‍ പണം വേണം. അത് എന്റെ വീട്ടില്‍ ഉണ്ടായിരുന്നില്ല.

അതുകൊണ്ട് ഞാന്‍ വീടിനടുത്തുള്ള യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടി.

ബസ് കൂലി ലാഭിക്കാന്‍ 4 കിലോമീറ്റര്‍ നടന്നാണ് കോളെജില്‍ പോയി വന്നുകൊണ്ടിരുന്നത്. 1978 ല്‍ ഞാന്‍ എന്റെ അണ്ടര്‍ഗ്രാജ്വേറ്റ് കോഴ്‌സ് പാസായിരുന്നു. 1981 ല്‍ കെമിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി.അതോടൊപ്പം യുഎസിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡിയ്ക്ക് ചേരാനുള്ള അവസരവും കിട്ടി.

അങ്ങനെയിരിക്കുമ്പോഴാണ് അച്ഛന്‍ എന്നോടൊരു കാര്യം ആവശ്യപ്പെട്ടത്. എംബിഎ

എടുക്കണമെന്ന്. അദ്ദേഹം എന്നെ മാറ്റി വിളിച്ചുകൊണ്ടുപോയി സംസാരിച്ചു. ഞാന്‍ എംബിഎ എടുക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹമെന്ന് എന്നോട് തുറന്നുപറഞ്ഞു. ഒരു സംരംഭകനാകാനും എല്ലാവരില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനും അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു.

ആ സമയത്ത് അദ്ദേഹം പറഞ്ഞ മറ്റൊരു പ്രധാന കാര്യം... അതാണ് എന്റെ ജീവിതത്തിലെ രണ്ടാമത്തെ സുവര്‍ണ തത്വം.

'ഇപ്പോള്‍ നീ എന്റെ മകന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാല്‍, മയൂറിന്റെ അച്ഛനായി ഞാന്‍ അറിയപ്പെടാനുള്ള ഒരു സാഹചര്യം നിനക്ക് സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍, ഞാന്‍ സന്തോഷവാനായി. അന്ന് ഞാന്‍ എന്തുകൊണ്ടും സംതൃപ്തനായ മനുഷ്യനായി മാറും. നിന്റെ നേട്ടങ്ങളും സമൂഹത്തിനുള്ള സംഭാവനകളും കൊണ്ട് ഞാന്‍ മയൂര്‍ ടി ദലാലിന്റെ പിതാവ് എന്ന പേരില്‍ സമൂഹത്തില്‍ അറിയപ്പെടണം.' ഇതായിരുന്നു അച്ഛന്റെ ആവശ്യം.

ഒരു 21 വയസുകാരനെ സംബന്ധിച്ചിടത്തോളം നിറവേറ്റാന്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു അത്. എന്നാലും ആ വെല്ലുവിളി ഏറ്റെടുക്കാന്‍ ഞാന്‍ തയാറായി. കാരണം, അച്ഛന്‍ സന്തോഷിക്കുന്നത് കാണാനായിരുന്നു എനിക്കിഷ്ടം. മാത്രമല്ല, അദ്ദേഹത്തിന്റെ വാക്കുകളില്‍ എനിക്ക് പൂര്‍ണ വിശ്വാസവുമായിരുന്നു. വലിയ ഒരു സംരംഭകനാകാനുള്ള ഗുണങ്ങള്‍ എനിക്കുണ്ടെന്ന് അദ്ദേഹം കരുതുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അതിനുവേണ്ടി ശ്രമിക്കുമെന്ന് ഞാന്‍ ഉറപ്പിച്ചു.

അച്ഛന്റെ വഴി തന്നെ പിന്തുടരണമെന്ന് നിര്‍ബന്ധമായിരുന്നു എനിക്ക്. ഇരുപത്തിയൊന്നാമത്തെ വയസില്‍ 10 ലക്ഷം രൂപ സമ്പാദിച്ച് വളരെ ശ്രദ്ധേയമായ നേട്ടമാണ് അച്ഛന്‍ കൈവരിച്ചത്. പിന്നീട്, 35ാമത്തെ വയസില്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിന്റെ തിളക്കമാര്‍ന്ന ഘട്ടത്തില്‍ മുത്തച്ഛന് കൊടുത്ത വാക്ക് പാലിക്കാന്‍ എല്ലാം ഉപേക്ഷിച്ച വ്യക്തിയാണ് അച്ഛന്‍. ആ അവസരത്തില്‍ തന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പറ്റുമോ എന്നുപോലും അദ്ദേഹം ചിന്തിച്ചില്ല. അച്ഛന്റെ ഈ ത്യാഗത്തിനും, ധൈര്യത്തിനും കുലീനതയ്ക്കും ഒപ്പം നില്‍ക്കണമെങ്കില്‍ ഞാന്‍ പത്തിരട്ടി കഠിനാധ്വാനം ചെയ്യേണ്ടി വരുമെന്ന് നിക്കറിയാമായിരുന്നു.

അങ്ങനെ ഇന്ത്യയിലെ നാല് മികച്ച ബിസിനസ് സ്‌കൂളുകളില്‍ പ്രവേശനത്തിന് ഞാന്‍ അപേക്ഷ നല്‍കി. നാലിടത്തും എനിക്ക് പ്രവേശനം ലഭിച്ചു. താമസച്ചെലവ് ലാഭിക്കാന്‍ മുംബൈയില്‍ തന്നെ പഠിച്ചാല്‍ മതിയെന്ന് ഞാനും എന്റെ കുടുംബവും തീരുമാനിച്ചു.

ആകാശമാണ് അതിര്

അഞ്ച് വര്‍ത്തിനുള്ളില്‍ ഞാന്‍ എംബിഎ നേടി. കുട്ടികളെ പഠിപ്പിക്കാനും തുടങ്ങി. ഏതാണ്ട് ഈ കാലഘട്ടത്തിലാണ് റോട്ടറി ക്ലബ്ബിന്റെയും മസോണിക് ലോഡ്ജിന്റെയും ബോര്‍ഡ് മെമ്പറായി ഞാന്‍ സേവനമനുഷ്ഠിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം, 28ാമത്തെ വയസില്‍, രാജ്യത്തെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ ബിസിനസ് ഹെഡ് ആയി പ്രവര്‍ത്തിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറി ഞാന്‍. ഈ ജോലി എന്നെ യുഎസില്‍ കൊണ്ടുചെന്നെത്തിച്ചു. അപ്പോഴേക്കും, മാധവിയുമായുള്ള എന്റെ വിവാഹം കഴിഞ്ഞിരുന്നു. ഞങ്ങള്‍ക്ക് രണ്ട് കുട്ടികളുമായി. സാഗറും റീമയും.

എന്റെ ഭാര്യാപിതാവ് പറഞ്ഞത് എനിക്കോര്‍മയുണ്ട്; ഇത്ര ചെറുപ്പത്തിലേ തന്നെ ഇന്ത്യയില്‍ വലിയ നേട്ടം കൈവരിക്കാനാകുമെങ്കില്‍ അവസരങ്ങളുടെ പറുദീസയായ അമേരിക്കയില്‍ നിങ്ങള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന്.

ഞാന്‍ ജോലി ചെയ്യുന്ന മള്‍ട്ടി നാഷണല്‍ കമ്പനിക്ക് പുറത്തുള്ള തൊഴില്‍ സാധ്യതകള്‍ തേടാന്‍ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിക്കുമായിരുന്നു. 'ആകാശമാണ് അതിര്' എന്നായിരുന്നു ഒരിക്കലദ്ദേഹം പറഞ്ഞത്. പക്ഷെ ഞാന്‍ ആലോചിച്ചു; എന്തിനാണ് എന്നെപ്പോലെ നേതൃസ്ഥാനത്തിരിക്കുന്ന, നിരവധിപേര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ മാര്‍ഗ്ഗദര്‍ശിയായ ഒരാള്‍ പുതിയ, അജ്ഞാതമായ ഒരു മേഖലയിലേക്ക് മാറുന്നത്?

 

Similar News